Tuesday, March 25, 2014

ഹൈന്ദവസംസ്കാരവും വർഗ്ഗീയതയും...


ചരിത്രങ്ങളെ വളച്ചൊടിച്ച് അവസരവാദത്തിനു വേണ്ടി ഉപയോഗിക്കുക എന്നത് സമകാലീന രാഷ്ട്രീയത്തിന്റെ സദാചാരപ്രഭാഷകരുടെ  നയമാണെന്നത് തികച്ചുംവ്യക്തമാണ്. ജനാധിപത്യ ഇന്ത്യയിൽ മതേതരത്വം നിലനിൽക്കുന്നത് സാഹോദര്യവും സമത്വവും പ്രസംഗിക്കുകയും വർഗീയതയുടെ വിഷം സമർത്ഥമായി പകർന്നു കൊടുക്കുന്ന രാഷ്ട്രീയദുർമാർഗികളിലല്ല മറിച്ച് മതങ്ങളല്ല മനുഷ്യനാണ് വലുതെന്ന് ചിന്തിക്കുന്ന ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന ജനവിഭാഗത്തിലാണെന്ന്  മനസിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. ഭാരതത്തെ ഭരിക്കാൻ ബ്രിട്ടീഷുകാർ കണ്ടെത്തിയ വഴിയായിരുന്നു ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്. ഇന്നു നമ്മുടെ രാഷ്ട്രീയവും ചിന്തിക്കുന്നത് അതേ വഴി തന്നെയാണ്. ഭാരതത്തെ മറ്റു രാഷ്ടങ്ങളിൽ നിന്നും വേർത്തിരിക്കുന്നത് മഹത്തായ ഒരു സംസ്കാരത്തിന്റെ   ബലമാണ്. മണ്ണിലും മരത്തിലും ജീവജാലങ്ങളിൽ പോലും ദൈവികത കണ്ട് പരസ്പരം ബഹുമാനിച്ച്  ഏവരേയും സം‍രക്ഷിക്കുന്ന ഒരു സംസ്കാരം. ആ ‘ഹൈന്ദവസംസ്കാരം’ (പുരാതന സിന്ധുനദീതട സം‍സ്കാരം) പിന്തുടരുന്ന ഹിന്ദുക്കൾ (സിന്ധുക്കൾ) വസിക്കുന്നയിടം എന്നതു   കൊണ്ടാണ് ഭാരതം ഹിന്ദുസ്ഥാൻ എന്നറിയപ്പെടുന്നത്.
ഹിന്ദു മതമല്ല സംസ്കാരമാണെന്ന് തിരിച്ചറിയുന്ന എത്ര പേർ നമുക്കിടയിലുണ്ട്... ?
കുടിയേറിയ മറു സംസ്കാരങ്ങളെ പോലും ഉൾകൊള്ളാനുള്ള മനസ്സുണ്ടായതും നമ്മുടെ സംസ്കാരത്തിന്റെ സവിശേഷതയാണ്. എന്നാൽ ആ സംസ്കാരത്തെ പിന്തുടരുന്നവരെ ‘ഹിന്ദു’ എന്നു വിളിച്ച് മാറ്റി നിർത്തി അതിനൊരു മതപരിവേഷം നൽകി. കുടിയേറിയ സംസ്കാരങ്ങളും മതങ്ങളായി പരിണമിച്ചു. അവയുടെ നന്മകളുടെ നിഴലിനെ സ്വാർത്ഥതാല്പര്യങ്ങൾക്കായുപയോഗിച്ച് മതങ്ങളെ മനുഷ്യരിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.
നിലവിലെ സാഹചര്യത്തിൽ ഭാരതത്തിന് ശക്തമായ നേതൃത്വം ആവശ്യമാണ് എന്നത് ഏവരും സമ്മതിക്കുന്ന ഒരു വിഷയമാണ്, ഭാരതം എന്ന മഹാരാജ്യത്തിന്റെ ഭാവി നിർണ്ണയിക്കാൻ പോകുന്ന ഈ തിരഞ്ഞെടുപ്പു കാലയളവിൽ ഇതിനെക്കുറിച്ച് ഒരുപാടു ചർച്ചകൾ നടക്കുന്നുണ്ട്  അങ്ങിനെയുള്ള അവസരത്തിൽ ഭാവി ഭാരതത്തിന്റെ നായകനായേക്കാം എന്നു കരുതുന്ന ഒരു വ്യക്തിയെപ്പറ്റി നടത്തുന്ന അഭിപ്രായങ്ങളിൽ നാം വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഭാരതത്തിൽ മുൻപും വളരെയേറെ നേതാക്കന്മാർ ആരോപണ വിധേയരായിട്ടുണ്ട്, അവരിൽ പലരും ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട് / ചിലർ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്
വർഗീയതയുടെ വക്താവായി ആരോപിക്കപ്പെടുന്ന ‘മോഡി’ / ജൂതന്മാരെ കൊന്നൊടുക്കിയ ക്രൂരനായ ഹിറ്റ്ലർ
ചിലയിടത്തൊക്കെ താരമത്യം ചെയ്യപ്പെടുന്നത് കണ്ടു... എന്തടിസ്ഥാനത്തിലാണുണ്ടാകുന്നത്..
മോഡി നടത്തിയെന്നു പറയുന്ന കൂട്ടക്കൊല നടന്ന ഗുജറാത്തിൽ മുസ്ലിം മതവിഭാഗങ്ങളിൽ പെട്ട ആരും ഇല്ലെന്നാണോ... എല്ലാവരേയും മോഡി കൊന്നു കളഞ്ഞോ....?
അരുന്ധതീറോയി ആരോപിച്ച കുറ്റകൃത്യം നടന്നു എങ്കിൽ അതിനുള്ള തെളിവു നൽകാതെ അവർ അന്വേഷണ ഉദ്യോഗസ്തരിൽ നിന്നും ഒഴിഞ്ഞു മാറിയതെന്തിന്റെ പേരിലാണ് ...?, അവർക്ക് തീവ്രവാദി നേതാക്കളുമായി ബന്ധമുണ്ടോ എന്നു സംശയിക്കത്തക്കതായ ചില പരാമർശങ്ങളും, ചിത്രങ്ങളും ദേശീയ മധ്യമങ്ങളിൽ നാം കണ്ടതുമാണ്....
മതേതരത്വം കൊട്ടിഘോഷിക്കുന്ന മറ്റു രാഷ്ട്രീയപ്രഹസനങ്ങൾ എന്താണു ചെയ്തിട്ടുള്ളത്...അതും പകൽ പോലെ വ്യക്തമായവ...
ഒളിഞ്ഞും മറഞ്ഞും അവർ ചെയ്തിട്ടുള്ളതായ കൊലപാതകങ്ങളും ചതികളും അഴിമതികളും അല്ലാതെ..
എന്നിട്ടും  .ഇനിയും തെളിയിക്കാനാവാത്ത ഒരാരോപണവും ഉയർത്തിക്കാട്ടി സാധാരണക്കാരിൽ വർഗീയതയുടെ വിഷവിത്തുകൾ പാകുവാൻ അവരിപ്പൊഴും നമുക്കിടയിലുണ്ട്..
അവരുമിവരും പറയുന്നത് കേട്ട് കുതിച്ചു തുള്ളുന്ന വിഡ്ഡിവേഷങ്ങളും ഒട്ടും കുറവല്ല.
കേരളത്തിൽ ഈയടുത്തു നടന്ന മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേട്ടറിവു പോലുമില്ലാത്ത ടിപി വധം ഏത് മതത്തിന്റെ പേരിലായിരുന്നു... ?
കൊലപാതകക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട പ്രതികൾക്കായുള്ള ഉന്നത നേതാക്കളുടെ പലരീതിയിലുള്ള ഇടപെടലുകളും നമ്മൾ കണ്ടതും അറിഞ്ഞതുമാണ്......
ഇന്നത്തെ രാഷ്ട്രീയത്തിന്റെ കണ്ണ് മതസൌഹാർദ്ദത്തിലല്ല മറിച്ച് സ്വാർത്ഥതാത്പര്യങ്ങളിൽ മാത്രമാണെന്ന് തിരിച്ചറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ടോ...?
വർഗീയം പറഞ്ഞ് മനുഷ്യരെ തമ്മിൽ തെറ്റിച്ചു കൊണ്ട് ഇടതു വലത് മുന്നണികൾ നടത്തുന്ന മനുഷ്യത്വരഹിത പ്രവർത്തനങ്ങൾക്ക് ബലിയാടുകളാകുന്നവരിൽ മതതിന്റെ വേർത്തിരിവുണ്ടോ...?
ചിന്തിക്കേണ്ടത് നമ്മളാണ്...
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും മതവിശ്വാസികളല്ല മറിച്ച് തനതായ സംസ്കാരങ്ങളുള്ള ജീവിതശൈലി പിന്തുടരുന്നവരാണെന്ന് തിരിച്ചറിയും വരെ ഇവിടെയീ വിഷസർപ്പങ്ങൾ ഇഴഞ്ഞു നടക്കും...
അറിവുള്ളവരെന്ന് അഹങ്കരിക്കുന്ന മലയാളി സ്വന്തം സംസ്കാരങ്ങളെ കുറിച്ച് ബോധവാനാകണം...
ഹിന്ദുവെന്നും ക്രിസ്ത്യാനിയെന്നും മുസ്ലീമെന്നും പറഞ്ഞു പോരടിയ്കും മുൻപ് അവനവൻ എന്താണെന്നും അവരവരുടെ സംസ്കാരമെന്തെന്നും തിരിച്ചറിയണം..
സ്വാർത്ഥതാത്പര്യങ്ങൾക്കായി മാത്രം കടന്നു വരുന്ന കപടരാഷ്ട്രീയമല്ല മറിച്ച് പരസ്പരമറിഞ്ഞ് ബഹുമാനിക്കുന്ന, സഹായിക്കുന്ന ഒരു ജനതയാണു നമ്മളെന്ന് തിരിച്ചറിയുമെന്ന് പ്രത്യാശിച്ചു കൊണ്ട്...